Monday 28 March 2011

ധനകാര്യസ്ഥാപനങ്ങള്‍ നിര്‍ണായകം 29.3.2011

അനിശ്ചിതത്വങ്ങളും വെല്ലുവിളികളും പലതും നിലനില്‍ക്കെ അതെല്ലാം അതിജീവിച്ച് ഓഹരിവിപണി വന്‍കുതിപ്പ് നടത്തുന്നതാണ് പോയവാരം കണ്ടത്. ഒരാഴ്ചക്കിടെ ബോംബെ ഓഹരി വില സൂചികയില്‍ ഉണ്ടായത് 1000 പോയന്റിന്റെ മുന്നേറ്റമാണ്. നിഫ്റ്റിയും ശക്തമായ കുതിപ്പാണ് നടത്തിയത്.
പ്രധാന സൂചികകളെല്ലാം നിര്‍ണായക നിലവാരങ്ങള്‍ക്ക് മുകളില്‍ എത്തുകയും ചെയ്തു. ഇതോടെ ഓഹരി വിപണികള്‍ ഇപ്പോള്‍ വളരെ നിര്‍ണായക ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്.
ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഈ ദിനങ്ങളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ നിലപാടായിരിക്കാം നിര്‍ണായകമാവുക. ഇതോടൊപ്പം അവധി വിപണിയില്‍ മാര്‍ച്ച് മാസത്തെ ഇടപാടുകള്‍ ഈ ആഴ്ചയാണ് അവസാനിക്കുന്നതെന്നതിനാല്‍ ഓഹരി വിലകളിലും സൂചികകളിലും കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാല്‍, കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റത്തെ തുടര്‍ന്ന് നല്ലൊരു പങ്ക് 'കരടി'കളും പിന്മാറിയതിനാല്‍ വ്യതിയാനത്തിന്റെ തോത് ഇക്കുറി കുറഞ്ഞേക്കും.
അതേസമയം, കഴിഞ്ഞ ആഴ്ചകളിലെ ഭീഷണികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം വിപണിയില്‍ ലാഭമെടുക്കലും തിരുത്തലും രൂപമെടുക്കാനും സാധ്യത ഏറെയാണ്.
പശ്ചിമേഷ്യയിലും ലിബിയയിലും ശക്തമാകുന്ന സംഘര്‍ഷങ്ങളും ഇതേ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതുമാണ് ഒരു ഭീഷണി. ഇതോടൊപ്പം ആഭ്യന്തരമായി ഭക്ഷ്യവിലപ്പെരുപ്പം വീണ്ടും രണ്ടക്കത്തില്‍ എത്തിയതും വിപണിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സുപ്രധാനമായ ഇക്കാര്യങ്ങള്‍ രണ്ടും അവഗണിച്ചായിരുന്നു കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റം. ആഴ്ചയുടെ ആരംഭം മുതല്‍ മുന്നേറ്റം പ്രകടമായ ഓഹരി വിപണിയില്‍ വാരാവസാനം സമീപകാലത്തെ ഏറ്റവും ശക്തമായ കുതിപ്പാണുണ്ടായത്. ഐ.ടി പാര്‍ക്കുകള്‍ക്കുള്ള നികുതിയിളവ് തുടരണമെന്ന് 'നാസ്‌കോം' കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതാണ് കുതിപ്പിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, ഇന്ത്യന്‍ വിപണിയിലേക്ക് പൊടുന്നനെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2500 കോടി രൂപയോളം എത്തിച്ചതാണ് ചലനത്തിന് വഴിയൊരുക്കിയത്. ഈ മുന്നേറ്റം വിപണിയില്‍ മുന്‍കൂര്‍ വില്‍പനകള്‍ നടത്തിയ 'കരടി'കളെ വെട്ടിലാക്കി. ഇവര്‍ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ വാങ്ങലുകള്‍ നടത്താന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. ഇതോടെ വാരാവസാനം കുതിപ്പിന് ആക്കം കൂടുകയായിരുന്നു.
പൊടുന്നനെയുണ്ടായ ഈ മുന്നേറ്റം വരുംദിവസങ്ങളില്‍ ലാഭമെടുക്കലിന് വഴിയൊരുക്കിയേക്കാം. ഇത് തിരുത്തലായി മാറാതിരിക്കണമെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ അനിവാര്യമാണ്. അതേസമയം, അമേരിക്കയിലെ പ്രമുഖ ഐ.ടി കമ്പനികളായ ഒറക്കിളും ആക്‌സെഞ്ച്വറും പ്രതീക്ഷിച്ചതിലും മികച്ച ഫലം പുറത്തുവിട്ടത് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്കും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.
ധനകാര്യ സ്ഥാപനങ്ങള്‍ പിന്തുണ തുടരുകയും ഐ.ടി കമ്പനികള്‍ കുതിപ്പ് പ്രകടമാക്കുകയും ചെയ്താല്‍ വരുംദിവസളിലും മുന്നേറ്റത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്; അതേസമയം, ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ ലഭിക്കാതെ പോയാല്‍ തിരുത്തലിനും. അതുകൊണ്ടുതന്നെ തിരക്കിട്ട് തീരുമാനങ്ങളെടുക്കാതെ വിപണിയുടെ ദിശ വ്യക്തമായശേഷം മാത്രം ലാഭമെടുത്ത് പിന്മാറണമോ പുതിയ നിക്ഷേപം ഇറക്കണമോയെന്ന് തീരുമാനിക്കുക.
പോയവാരം തിങ്കളാഴ്ച 17,792 പോയന്റുവരെ ബോംബെ ഓഹരിവില സൂചിക താഴ്‌ന്നെങ്കിലും മുന്‍വാരാവസാന ക്ലോസിങ്ങില്‍നിന്ന് 936 പോയന്റ് ഉയര്‍ന്നാണ് സെന്‍സെക്‌സ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ആറാഴ്ചയായി 17,500-18,750 നിലവാരത്തില്‍ നീങ്ങിയിരുന്ന സെന്‍സെക്‌സ് പോയവാരം 18,700 എന്ന സമ്മര്‍ദ നിലവാരം മറികടന്നിരിക്കുകയാണ്. എന്നാല്‍, വരുംദിവസങ്ങളില്‍ ഈ നിലവാരത്തിനു മുകളില്‍ നില്‍ക്കയാണെങ്കില്‍ മാത്രമേ കൂടുതല്‍ ഉയരങ്ങളിലേക്ക് സൂചിക നീങ്ങാന്‍ സാധ്യതയുള്ളൂ. കൂടാതെ 18,950 എന്നത് സൂചികക്ക് അടുത്ത നിര്‍ണായക നിലവാരവുമാണ്. ഈ ഘട്ടം മറികടന്നാല്‍ 19200, 19650 നിലവാരത്തിലേക്ക് സൂചിക നീങ്ങാം.
അതേസമയം, 18,460 എന്ന നിലവാരത്തിലും താഴേക്ക് സൂചിക വന്നാല്‍ വിപണി വീണ്ടും ദുര്‍ബലമാകും.
പി.സി സെബാസ്റ്റിയന്‍ madyamam